പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം
പുഴകളും തോടുകളും തുരുത്തുകളും നിറഞ്ഞ ഒരു മനോഹരമായ പ്രദേശമാണ് ചേന്ദമംഗലം. പെരിയാര്‍ നദിയും ചാലക്കുടിപ്പുഴയും കൂടിച്ചേർന്ന് ചേന്ദമംഗലത്തിനു ചുറ്റും ഒഴുകുന്നു. ചേന്ദമംഗലത്തിന്‍റെ കിഴക്കേ അറ്റത്തുളള കോട്ടയിൽ കോവിലകം കുന്നാണ് ഏറ്റവും ഉയർന്ന പ്രദേശം. അവിടം ചെങ്കല്ലു നിറഞ്ഞ പ്രദേശമാണ്. മിക്കവാറും മറ്റെല്ലാ സ്ഥലത്തും ഫലഭൂയിഷ്ടമായ ചെമണ്ണു് നിറഞ്ഞതാണ്. വയലുകളും തോടുകളും നിറഞ്ഞ ഇവിടെ തെങ്ങും വാഴയും പച്ചക്കറികളും ജാതിയും നിറഞ്ഞു നിൽക്കുന്നു. 14 ാ ം നൂറ്റാണ്ടിലെ ശുക സന്ദേശത്തില്‍ ആറങ്കാവിലൂടെ കരിമ്പിൻപ്പാടത്തുകൂടെ സഞ്ചരിക്കുന്ന വിവരണമുണ്ട്. മഴക്കാലത്ത് ആറങ്കാവു കുളത്തിൽ ശേഖരിക്കപ്പെടുന്ന ജലം ഉപയോഗിച്ച് കരിമ്പിൻ കൃഷി ചെയ്തിരുന്ന സ്ഥലത്തിന് ഇന്ന് കരിമ്പാടം എന്നാണ് പേര്. ഗ്രാമത്തിന്‍റെ പടിഞ്ഞാറേ അറ്റത്തുനിന്ന് ആറു കിലോമീറ്ററേ കടൽ തീരത്തേക്കുള്ളൂ. സമുദ്രനിരപ്പില്‍ തന്നെയുളള ഇവിടെ പലസ്ഥലങ്ങളിലും വേനല്‍ക്കാലത്ത് ഉപ്പുവെളളം കയറാറുണ്ട്. അണക്കെട്ടുകളായ ഭൂതത്താൻകെട്ടും ഇടുക്കിയും നിർമ്മിക്കുന്നതുവരെ എല്ലാ വർഷവും വെളളപ്പൊക്കം ബാധിച്ചിരുന്ന പ്രദേശമാണ് ചേന്ദമംഗലം.